'അമ്മേ....ബോഡി നാട്ടിൽകൊണ്ടുപോവേണ്ട... ഇവിടെ കോളജിൽ പഠിക്കാൻ കൊടുത്തേര്..' പ്രവാസി യുവാവിന്റെ ഉള്ളുലക്കുന്നൊരു ആത്മഹത്യാ കുറിപ്പ്

'അമ്മേ....ബോഡി നാട്ടിൽകൊണ്ടുപോവേണ്ട... ഇവിടെ കോളജിൽ പഠിക്കാൻ കൊടുത്തേര്..' പ്രവാസി യുവാവിന്റെ ഉള്ളുലക്കുന്നൊരു ആത്മഹത്യാ കുറിപ്പ്
Jun 15, 2026 10:00 PM | By VIPIN P V
#Latest News #Suicide Note #Young Expatriate #Death #Oman

മസ്കത്ത്: ( gcc.truevisionnews.com )ഒമാനിലെ ജലാൻ ബാനി ബൂ അലിയിൽ മരിച്ചനിലയിൽ കാണപ്പെട്ട പ്രവാസി യുവാവിന്റെ പോക്കറ്റിൽനിന്നു ലഭിച്ച ആത്മഹത്യകുറിപ്പുമായി ബന്ധപ്പെട്ട് ഒമാനിലെ സാമൂഹിക പ്രവർത്തകനായ ഇബ്രാഹിം ഒറ്റപ്പാലം എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പ്രവാസികൾക്കിടയിൽ ചർച്ചയാവുകയാണ്.

പ്രവാസികളിൽ ചിലരെങ്കിലും അനുഭവിക്കുന്ന അരക്ഷിത ബോധത്തിലേക്കുള്ള സൂചന കൂടിയാണ് ഈ ആത്മഹത്യ കുറിപ്പും അതിനെത്തുടർന്നുള്ള ഇബ്രാഹിമിന്റെ എഫ്.ബി പോസ്റ്റും.

മസ്കത്ത് കെ.എം.സി.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റും കെയർ വിങ് ചെയർമാനുമാണ് ഇബ്രാഹിം ഒറ്റപ്പാലം. ഒമാനിൽ മരണപ്പെട്ട നുറുകണക്കിന് പ്രവാസികളുടെ മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇബ്രാഹിം, ഇത്രയും കാലത്തെ സാമൂഹിക പ്രവർത്തന പരിചയമുണ്ടായിട്ടും ഈയൊരു ആത്മഹത്യാ കുറിപ്പ് തന്റെ ഉള്ളുലച്ചുകളഞ്ഞതായി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ,

‘‘താങ്ങാൻ കഴിയാത്ത അത്രയും വലിയൊരു സങ്കടക്കടൽ ഉള്ളിൽ ഒതുക്കാൻ വയ്യാതെ ഒടുവിൽ ശ്വാസം മുട്ടിപ്പോയതു കൊണ്ടാണോ അവനങ്ങനെ ചെയ്തത്? അതോ, ഒരു നിമിഷത്തെ ഇരുളടഞ്ഞ ആലോചനയിൽ ജീവിതം തന്നെ അവസാനിപ്പിച്ചു കളയാൻ തോന്നിയതാണോ? അറിയില്ല... കുടുംബത്തിലെ പ്രാരാബ്ധങ്ങളോ, അതോ തൊഴിലിടത്തിലെ കനൽവഴികളോ? നമുക്കൊന്നിനും ഉത്തരമില്ല.

പക്ഷെ, ഒടുവിൽ അവന്റെ ചേതനയറ്റ ശരീരത്തിന്റെ പോക്കറ്റിൽ നിന്നും ചുരുട്ടിക്കൂട്ടിയ നിലയിൽ കണ്ടെടുത്ത ആ ഒരു തുണ്ട് കടലാസിലെ വരികൾ... അത് എന്റെ ഉള്ളുലക്കുകയല്ല, മറിച്ച് നെഞ്ച് പിളർന്നു കളയുകയാണ് ചെയ്തത്. വർഷങ്ങളായി പ്രവാസലോകത്തുണ്ട് ഞാൻ.

മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ സ്വപ്നങ്ങൾ കരിഞ്ഞുപോയ എത്രയോ പ്രവാസികളുടെ മരണങ്ങൾ ഞാൻ കൈകാര്യം ചെയ്തിരിക്കുന്നു. എല്ലാ നിയമനടപടികളും പൂർത്തിയാക്കി, എത്രയോ പേരുടെ പെട്ടികൾ കണ്ണീരോടെ നാട്ടിലേക്ക് കയറ്റിവിട്ടിരിക്കുന്നു. ചിലരെയൊക്കെ ഈ മണലിൽ തന്നെ മതാചാരപ്രകാരം മണ്ണോട് ചേർക്കാനും നേതൃത്വം നൽകേണ്ടി വന്നിട്ടുണ്ട്.

ഒരുപാട് പ്രവാസി കുടുംബങ്ങളുടെ ഹൃദയം പൊട്ടിയുള്ള കരച്ചിലുകൾ കേട്ടിട്ടുണ്ട്, പലവിധത്തിലുള്ള മരണാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, ഇങ്ങനെയൊരു അനുഭവം ഇതാദ്യമാണ്! പലവട്ടം, അതെ... പലവട്ടം ഞാനാ കടലാസ് കഷ്ണം വീണ്ടും വീണ്ടും വായിച്ചു. വായിക്കുമ്പോഴൊക്കെ എന്റെ ഉള്ള് പിടയുകയായിരുന്നു, കൈകൾ വിറക്കുന്നുണ്ടായിരുന്നു.

താൻ മരിച്ചുകഴിഞ്ഞാൽ തന്റെ ഈ മൃതദേഹം എന്ത് ചെയ്യണമെന്ന് ഒരു മനുഷ്യൻ സ്വന്തം കൈപ്പടയിൽ കടലാസിൽ കുറിച്ചുവെക്കുക! എന്നിട്ട്, ‘മെഡിക്കൽ കോളജിൽ പഠിക്കാൻ കൊടുത്തേക്കാൻ അമ്മയോട് പറയണം’ എന്ന് പോലും എഴുതിവെക്കാൻ അവന് എങ്ങനെ തോന്നിയിട്ടുണ്ടാകും? മരിക്കാൻ പോകുന്ന ആ അവസാന നിമിഷത്തിലും, ഒടുങ്ങിക്കഴിയുമ്പോൾ മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന് ചിന്തിച്ച അവന്റെ ഉള്ളിലെ ആ സങ്കടത്തിന്റെ ആഴം എത്രയായിരുന്നിരിക്കണം?

ഇന്ന് പുലർച്ചെയാണ് എനിക്ക് ഒമാനിലെ 'ജാലാൻ ബനി ബു ആലി'യിൽ നിന്നും ഒരു സ്വദേശിയുടെ വിളി വരുന്നത്. തന്റെ കീഴിൽ ജോലി ചെയ്യുന്ന മലയാളി തൊഴിലാളി മരിച്ചുപോയി എന്നതായിരുന്നു ആ വാർത്ത.

പെട്ടെന്ന് തന്നെ അതിന്റെ പേപ്പർ വർക്കുകൾ തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് സ്പോൺസറുടെ അടുത്ത വിളിയും ഒപ്പം ഒരു വാട്സ്ആപ്പ് സന്ദേശവും എന്റെ ഫോണിലെത്തുന്നത്. ‘ഇങ്ങനെയൊരു കുറിപ്പ് അവന്റെ പോക്കറ്റിൽ നിന്നും കിട്ടിയിട്ടുണ്ട്, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്?’ എന്ന് ചോദിച്ചായിരുന്നു ആ അറബി എന്നെ വിളിച്ചത്.

ആ കുടുംബത്തിന്റെ ഫോൺ നമ്പറും എന്റെ കൈകളിൽ തന്ന്, എല്ലാം ദൈവത്തെ ഓർത്ത് ഉചിതമായി കൈകാര്യം ചെയ്യാനും ആ സ്പോൺസർ എന്നെ ചുമതലപ്പെടുത്തി. ആ അറബിയുടെ വിളി കട്ട് ചെയ്ത് ഞാൻ ഫോണിലേക്ക് നോക്കി. ആ വാട്സ്ആപ്പ് ചിത്രത്തിൽ കണ്ട ആ വരികൾ ഇപ്പോഴും എന്റെ കൺമുന്നിൽ നിന്നും മായുന്നില്ല.

പ്രവാസം എന്നാൽ വെറും പണമുണ്ടാക്കൽ മാത്രമല്ലെന്നും, ചിലരുടെയെങ്കിലും ഉള്ളിൽ തിളച്ചുമറിയുന്ന വലിയൊരു ഏകാന്തതയുടെയും നിസ്സഹായാവസ്ഥയുടെയും നരകമാണെന്നും ഈ ഒരു തുണ്ട് കടലാസ് എന്നെ വീണ്ടും ഓർമിപ്പിക്കുന്നു. ഇനിയെങ്ങനെയാണ് ആ അമ്മയെ വിളിച്ച് ഞാനിത് പറയുക? എന്റെ ഉള്ള് ഇപ്പോഴും പിടയുകയാണ്...



Content Highlight: A heartbreaking suicide note from a young expatriate

#Latest News #Suicide Note #Young Expatriate #Death #Oman

Next TV

Related Stories
പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

Jun 15, 2026 07:10 PM

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ച നിലയിൽ...

Read More >>
 ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി,  12 പേർക്ക് 10 വർഷം തടവ്

Jun 15, 2026 04:49 PM

ബഹ്‌റൈനെതിരെ ഭീകരാക്രമണത്തിന് പിന്തുണ നൽകി, 12 പേർക്ക് 10 വർഷം തടവ്

ബഹ്‌റൈൻ, ഭീകരാക്രമണം, സോഷ്യൽ മീഡിയ ദുരുപയോഗം, ഹൈ ക്രിമിനൽ...

Read More >>
സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

Jun 15, 2026 11:30 AM

സൗജന്യ ലോകകപ്പ് സ്ട്രീമിങ് ലിങ്കുകൾ ചതിക്കുഴിയാകാം; മുന്നറിയിപ്പുമായി ദുബായ് അധികൃതർ

ലോകകപ്പ് കാണാൻ സൗജന്യ ലിങ്കുകൾ തിരയുന്നവർക്ക് ഡിജിറ്റൽ ദുബായുടെ...

Read More >>
സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

Jun 15, 2026 09:57 AM

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

സലാലയിൽ കൊല്ലം സ്വദേശിയായ യുവാവ്...

Read More >>
Top Stories










News Roundup