ദുബായ് : (gcc.truevisionnews.com) ഫുട്ബോൾ പ്രേമികൾക്ക് സൈബർ സുരക്ഷാ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്. ഓൺലൈനിൽ ലഭ്യമായ അനൗദ്യോഗിക സ്ട്രീമിങ് ലിങ്കുകൾ വഴി മത്സരങ്ങൾ കാണുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ സൗജന്യ പ്രവേശനം വാഗ്ദാനം ചെയ്യുന്ന വ്യാജ ലിങ്കുകൾ സൈബർ കുറ്റവാളികൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾ വ്യാജ വെബ്‌സൈറ്റുകളിൽ എത്തപ്പെടാനും, അതുവഴി വ്യക്തിഗത വിവരങ്ങളുടെ മോഷണത്തിനും സൈബർ തട്ടിപ്പുകൾക്കും ഇരയാകാനും വലിയ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഫോണുകളിലോ കംപ്യൂട്ടറുകളിലോ അനധികൃത സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും അതിലൂടെ വ്യക്തിഗത വിവരങ്ങൾ, പാസ്‌വേഡുകൾ, ഓൺലൈൻ ബാങ്കിങ് വിവരങ്ങൾ എന്നിവ ചോർത്തപ്പെടുകയും ചെയ്യാം. ഫിഷിങ് ഭീഷണിയുമുണ്ട്. മത്സരം കാണുന്നതിന് മുമ്പായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് കാർഡ് വിവരങ്ങളോ നൽകണമെന്ന് ആവശ്യപ്പെടുന്ന തരത്തിലുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നതായും മുന്നറിയിപ്പിൽ പറയുന്നു.

Content Highlight: Digital Dubai issues strict warning to those searching for free links to watch World Cup




































