മക്ക: (gcc.truevisionnews.com) നഗരപരിധിയിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾക്കെതിരെ നടപടി ശക്തമാക്കി മക്ക മുനിസിപ്പാലിറ്റി. അനധികൃത മൊബൈൽ വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നഗരത്തിന്റെ സൗന്ദര്യം നിലനിർത്തുന്നതിനുമാണ് അധികൃതരുടെ ഈ കർശന നീക്കം.
പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ എന്നിവിടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലോ ലൈസൻസില്ലാതെയോ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ അടിയന്തരമായി നീക്കം ചെയ്യാൻ ഉടമകൾക്ക് നിർദ്ദേശം നൽകി. ഇത്തരം വാഹനങ്ങളിൽ ഔദ്യോഗികമായി നോട്ടീസ് പതിപ്പിക്കും. നോട്ടീസ് പതിച്ച് 72 മണിക്കൂറിനുള്ളിൽ വാഹനം നീക്കം ചെയ്തില്ലെങ്കിൽ അധികൃതർ തന്നെ അവ പിടിച്ചെടുക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
നിശ്ചിത സമയപരിധിക്കുള്ളിൽ വാഹനങ്ങൾ മാറ്റിയില്ലെങ്കിൽ അവ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ചട്ടങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യും. മൊബൈൽ ഫുഡ് ട്രക്ക് മേഖലയിൽ അച്ചടക്കം കൊണ്ടുവരുന്നതിനും, അംഗീകൃത നിക്ഷേപകർക്ക് സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
പൊതു ഇടങ്ങളുടെ ക്രമരഹിതമായ ഉപയോഗം തടയുന്നതിലൂടെ നഗരത്തിെൻറ ഭൂപ്രകൃതി മെച്ചപ്പെടുത്താനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.
Makkah Municipality tightens action against food trucks; must remove within 72 hours

































