റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയുൾപ്പെടെയുള്ള ഉത്തരാർദ്ധഗോളത്തിൽ വസന്തകാലത്തിന് ഔദ്യോഗിക തുടക്കമായി. വെള്ളിയാഴ്ച വൈകുന്നേരം മക്ക സമയം 5:46-നായിരുന്നു വസന്തകാല വിഷുവം സംഭവിച്ചതെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. 88 ദിവസവും 23 മണിക്കൂറും നീണ്ടുനിന്ന ശൈത്യകാലത്തിന് ഇതോടെ അന്ത്യമായി. അടുത്ത 92 ദിവസവും 17 മണിക്കൂറും നീണ്ടുനിൽക്കുന്ന ഈ വസന്തകാലം ജൂൺ 21 വരെ തുടരും.
വസന്തവിഷുവം സംഭവിക്കുന്ന ഈ വേളയിൽ സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിൽ വരുന്നതിനാൽ ഭൂമിയുടെ രണ്ട് ഭാഗങ്ങളിലും സൂര്യപ്രകാശം തുല്യമായ അളവിൽ ലഭിക്കുന്നു. വർഷത്തിൽ രണ്ട് തവണ മാത്രം സംഭവിക്കുന്ന പ്രത്യേകതയാണിത്. വസന്തത്തിന്റെ വരവറിയിച്ച് ലോകത്തിന്റെ ഭൂരിഭാഗം ഇടങ്ങളിലും പകലിനും രാവിനും ഇന്ന് തുല്യ ദൈർഘ്യമായിരിക്കും അനുഭവപ്പെടുക.
അന്തരീക്ഷത്തിലെ പ്രതിഭാസങ്ങൾ കാരണം പകലിന് ഏതാനും മിനിറ്റുകൾ കൂടുതൽ ദൈർഘ്യം തോന്നാമെങ്കിലും വസന്തത്തിന്റെ ഈ മാറ്റം സൗദിയിലെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവും സൂര്യനുചുറ്റുമുള്ള ഭ്രമണവുമാണ് ഇത്തരം മാറ്റങ്ങൾക്ക് കാരണമാകുന്നത്. വരും ദിവസങ്ങളിൽ ചൂട് ക്രമേണ വർധിക്കുമെങ്കിലും, പ്രകൃതി മനോഹരമാകുന്ന വസന്തകാലത്തെ ഏറെ ആവേശത്തോടെയാണ് സൗദിയിലെ സ്വദേശികളും വിദേശികളും വരവേൽക്കുന്നത്.
Content Highlight: Goodbye to winter Spring has begun in Saudi Arabia




































