കുവൈത്ത്: (gcc.truevisionnews.com) കുവൈത്തിൽ അനധികൃതമായി താമസാനുമതി വിസകൾ വിറ്റിരുന്ന സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. രാജ്യത്തെ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്നാണ് ശക്തമായ പരിശോധന നടന്നത്. ഇതിൽ, പാകിസ്ഥാൻ സ്വദേശിയായ ഷഹ്ബാസ് ഹുസൈൻ അല്ലാ റഖ എന്നയാളെ അറസ്റ്റ് ചെയ്തു.
ഇയാൾ ഒൻപത് കമ്പനികളുടെ ചുമതലക്കാരനാണ്. കൂടാതെ, 19 കമ്പനികളുടെ പ്രതിനിധിയായും പ്രവർത്തിക്കുന്നു. ഇയാൾ പ്രവർത്തിച്ചിരുന്ന ഈ കമ്പനികളുടെയെല്ലാം ഉടമ മുനിഫ ഒമർ അൽ എനേസി എന്ന വനിതയാണ്. ഈ കമ്പനികളിലൊന്നും ജോലി ചെയ്യാത്ത 150 പേരെയാണ് ഇയാൾ വ്യാജമായി വിസയിൽ രജിസ്റ്റർ ചെയ്തത്.
ഇത്തരത്തിൽ താമസാനുമതി പുതുക്കുന്നതിനും വിസ മാറ്റുന്നതിനുമായി ഓരോ ആളിൽ നിന്നും 350 മുതൽ 900 കുവൈത്ത് ദിനാർ വരെ ഇയാൾ കൈപ്പറ്റിയിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
Visa racket busted in Kuwait 150 people given fake visas

































