കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്തിന്റെ വടക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിനിടെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ പതിച്ച് ആറ് പേർക്ക് പരിക്കേറ്റു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണ നീക്കത്തെ കുവൈത്ത് സൈന്യം ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചെങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ താഴെ പതിക്കുകയായിരുന്നു.
പരിക്കേറ്റ ആറ് പേരുടെയും നില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. പരിക്കേറ്റ രണ്ട് സ്ത്രീകൾക്ക് സംഭവസ്ഥലത്തു വെച്ച് തന്നെ പ്രഥമശുശ്രൂഷ നൽകി. മറ്റൊരാളെ ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുപുറമെ, മൂന്ന് പേർ സ്വന്തം നിലയിൽ ചികിത്സ തേടി ആശുപത്രിയിലെത്തി.
വലിയ ശബ്ദത്തോടുള്ള സ്ഫോടനം മൂലം കേൾവിശക്തിക്ക് താൽകാലിക തടസ്സം നേരിട്ടവർക്കും, വീഴ്ചയിലും അവശിഷ്ടങ്ങൾ പതിച്ചും കൈകാലുകൾക്കും തലയ്ക്കും മുറിവേറ്റവർക്കുമാണ് ചികിത്സ നൽകിയത്. അടിയന്തര സാഹചര്യം നേരിടാൻ ആംബുലൻസ് സർവീസുകളും മെഡിക്കൽ ടീമും പൂർണ സജ്ജമായിരുന്നു.
ജഹ്‌റ ആശുപത്രിയിലെ എമർജൻസി വിഭാഗം അതീവ ജാഗ്രതയിലാണ്. കൂടുതൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ പരിക്കേറ്റവർ താമസിച്ചിരുന്ന മേഖലയിൽ ആരോഗ്യ വിഭാഗം വിശദമായ പരിശോധന നടത്തി. ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Missile drone debris lands in northern residential area of Kuwait six injured

































