റിയാദ്: (gcc.truevisionnews.com) ജോലിസ്ഥലത്ത് ഹാജർ രേഖപ്പെടുത്തിയ ശേഷം കൃത്യനിർവഹണം നടത്താതെ മുങ്ങുന്ന ജീവനക്കാരെ പിരിച്ചുവിടാനുള്ള സർക്കാർ തീരുമാനം റിയാദ് അഡ്മിനിസ്ട്രേറ്റീവ് കോടതി ശരിവെച്ചു. ഹാജർ പട്ടികയിൽ ഒപ്പിടുന്നത് മാത്രം ജോലിയായി കണക്കാക്കാനാവില്ലെന്നും, വിശ്വസ്തതയോടെ ചുമതലകൾ നിർവഹിക്കാത്തത് ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്നുള്ള വിട്ടുനിൽക്കലായി (ഹുറൂബ്) കാണണമെന്നും കോടതി വ്യക്തമാക്കി.
ഒരു സർക്കാർ സ്ഥാപനത്തിലെ ജീവനക്കാരനെ പിരിച്ചുവിട്ട നടപടി നിയമപരമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഹാജർ പുസ്തകത്തിൽ ഒപ്പിട്ട ശേഷം ഔദ്യോഗിക ചുമതലകൾ നിർവഹിക്കാതെ ഉടൻ തന്നെ ജോലിസ്ഥലത്ത് നിന്ന് പോയ ജീവനക്കാരനെതിരെയായിരുന്നു അധികൃതർ നടപടിയെടുത്തത്. ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജീവനക്കാരൻ കോടതിയെ സമീപിച്ചെങ്കിലും കോടതി പരാതി തള്ളുകയായിരുന്നു.
താൻ ഒപ്പിട്ടിരുന്നതിനാൽ ജോലിയിൽ നിന്ന് വിട്ടുനിന്നു എന്ന് പറയാനാകില്ലെന്നായിരുന്നു ഹർജിക്കാരെൻറ വാദം. എന്നാൽ, ഒരു മാസം മുഴുവൻ ഇത്തരത്തിൽ ഒപ്പിട്ട ശേഷം ജോലി ചെയ്യാതെ മടങ്ങിയത് കോടതിയിൽ തെളിഞ്ഞു. പരാതിക്കാരൻ തന്നെ ഈ വസ്തുത സമ്മതിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക ഹാജർ എന്നത് കേവലം ഒപ്പിടലല്ല, മറിച്ച് ജോലി പൂർത്തിയാക്കലാണ് എന്ന തത്വം കോടതി ഇവിടെ അടിവരയിട്ടു. മതിയായ കാരണങ്ങളില്ലാതെ തുടർച്ചയായി 15 ദിവസമോ, അല്ലെങ്കിൽ വിവിധ ദിവസങ്ങളിലായി 30 ദിവസമോ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ ജീവനക്കാരനെ പിരിച്ചുവിടാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഭരണകൂടത്തിെൻറ നടപടി പൂർണമായും നിയമപരമാണെന്നും യാതൊരു പിഴവും ഇതിൽ സംഭവിച്ചിട്ടില്ലെന്നും കോടതി വിധിയിൽ പറയുന്നു.
ദിവാൻ അൽ മദാലിം (പരാതി പരിഹാര ബോർഡ്) തങ്ങളുടെ ഡിജിറ്റൽ പോർട്ടൽ വഴിയാണ് ഈ വിധിന്യായത്തിെൻറ വിശദാംശങ്ങൾ പൊതുജനങ്ങളെ അറിയിച്ചത്.
If you leave your job, you will lose your job; Riyadh court upholds dismissal

































