Apr 21, 2026 08:18 AM

റിയാദ്: (gcc.truevisionnews.com) സൗദിയിലെ വിവിധയിടങ്ങളിൽ ഇന്നും കനത്ത മഴയെത്തും. ഖസീം, ഹാഇൽ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി മേഖലകൾ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ള മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മക്കയുടെ കിഴക്കൻ മേഖലകളിലും അസീർ, ജിസാൻ, നജ്‌റാൻ, അൽ ബഹ എന്നിവിടങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ട്. ‌ ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

അതേസമയം, സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മിതമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

റിയാദ് നഗരത്തിന് പുറമെ അൽ ഖർജ്, ദിരിയ, അൽ ഖിദ്ദിയ, അൽ ദിലം, അൽ മുസാഹ്മിയ, ദുർമ, മറാത്ത്, അഫീഫ്, അൽ ദവാദ്മി, അൽ സുൽഫി, അൽ മജ്മഅ് തുടങ്ങി പ്രവിശ്യയിലെ മിക്ക ഗവർണറേറ്റുകളിലും മഴ ശക്തമായിരിക്കും. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. വാദികളിലും മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ കർശനമായി ആവശ്യപ്പെട്ടു.

Heavy rain in Saudi Arabia Meteorological Center warns of potential for flash floods

Next TV

Top Stories










News Roundup