---
title: "പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്;  ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി"
english_title: "Jeddah Municipality Seizes 3700+ Fake Branded Clothes, 19 Machines in Raids"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373838/jeddah-municipality-seizes-fake-branded-clothes-3700"
published_at: "2026-07-22T08:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a602e3015dce_jeddah-municipality-seizes-fake-branded-clothes-3700.jpg"
keywords: ["Jeddah News", "Saudi Arabia", "Fake Products", "Brand Logo", "Jeddah Municipality", "Intellectual Property"]
---

# പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്;  ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

> **Lead Summary:** **ജി​ദ്ദ: **പ്രമുഖ കായിക ക്ലബ്ബുകളുടെ വ്യാജ ലോഗോകളും ട്രേഡ് മാർക്കുകളും പതിച്ച് വിപണിയിലിറക്കാൻ ശ്രമിച്ച വൻ സംഘം ജിദ്ദയിൽ പിടിയിൽ. വ്യാജ ലോഗോ പതിച്ച 3,700-ലധികം വസ്ത്രങ്ങളും ഇവ നിർമിക്കാൻ ഉപയോഗിച്ച മെഷീനുകളും ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ടീം പിടിച്ചെടുത്തു.

## Article Content

**ജി​ദ്ദ: **പ്രമുഖ കായിക ക്ലബ്ബുകളുടെ വ്യാജ ലോഗോകളും ട്രേഡ് മാർക്കുകളും പതിച്ച് വിപണിയിലിറക്കാൻ ശ്രമിച്ച വൻ സംഘം ജിദ്ദയിൽ പിടിയിൽ. വ്യാജ ലോഗോ പതിച്ച 3,700-ലധികം വസ്ത്രങ്ങളും ഇവ നിർമിക്കാൻ ഉപയോഗിച്ച മെഷീനുകളും ജിദ്ദ മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ടീം പിടിച്ചെടുത്തു.

ജിദ്ദയുടെ തെക്കൻ, മധ്യ മേഖലകളിൽ നടത്തിയ രണ്ട് പ്രത്യേക പരിശോധനാ ക്യാമ്പയിനുകളിലാണ് വിപണിയിലെത്തിക്കാൻ തയാറാക്കിയ വ്യാജ ഉൽപന്നങ്ങൾ അധികൃതർ കണ്ടെത്തിയത്. വസ്ത്രങ്ങൾ തുന്നുന്നതിനും ചിത്രങ്ങൾ പ്രിന്റ് ചെയ്യുന്നതിനും എംബ്രോയിഡറിക്കുമായി ഉപയോഗിച്ചിരുന്ന 19 തരം തയ്യൽ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്നിവയുടെ സംയുക്ത സഹകരണത്തോടെയായിരുന്നു റെയ്ഡ്. അൽ ജാമിഅഃ മേഖലയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലെ രണ്ട് മുറികൾ കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിൽ 1,029 വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

ഇവിടെനിന്ന് കണ്ടെടുത്ത ലോഗോ പതിക്കാത്ത 850 വസ്ത്രങ്ങൾ ചാരിറ്റബിൾ ആവശ്യങ്ങൾക്കായി സസ്റ്റൈനബിലിറ്റി അസോസിയേഷന് കൈമാറി. ഇതിനുപുറമേ, അൽ അസീസിയയിലെ ഒരു കമേഴ്സ്യൽ റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ വ്യാജ ലോഗോയുള്ള 2,670 വസ്ത്രങ്ങൾ കണ്ടെത്തുകയും അധികൃതരുടെ സാന്നിധ്യത്തിൽ പൂർണ്ണമായി നശിപ്പിക്കുകയും ചെയ്തു.

പിടിച്ചെടുത്ത വ്യാജ ലോഹോ പതിച്ച വസ്ത്രങ്ങൾ പൂർണമായും നശിപ്പിച്ചതായി മോണിറ്ററിങ് ആൻഡ് അഡ്രസ്സിങ് നെഗറ്റീവ് ഫിനോമിന ഡയറക്ടർ ജനറൽ യാസർ ബക്ഷ് അറിയിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി വിഷയം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

റെസിഡൻഷ്യൽ മേഖലകൾ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373838/jeddah-municipality-seizes-fake-branded-clothes-3700)