---
title: "ഗൾഫിൽ സംഘർഷം പുകയുന്നു...! കുവൈത്ത്, ബഹ്റൈൻ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത; സൈറണുകൾ മുഴങ്ങി"
english_title: "Gulf On High Alert: Kuwait Airport Suspends Operations, Sirens Sound in Bahrain Amid Missile Threats"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373141/gulf-high-alert-kuwait-bahrain-airport-suspended-sirens-missile-threat"
published_at: "2026-07-18T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5b1a8c426da_gulf-high-alert-kuwait-bahrain-airport-suspended-sirens-missile-threat.jpg"
keywords: ["Kuwait", "Bahrain", "Gulf News", "Middle East Conflict", "Kuwait Airways", "Siren Alert"]
---

# ഗൾഫിൽ സംഘർഷം പുകയുന്നു...! കുവൈത്ത്, ബഹ്റൈൻ വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത; സൈറണുകൾ മുഴങ്ങി

> **Lead Summary:** കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ അതീവ ജാഗ്രത . സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

## Article Content

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ അതീവ ജാഗ്രത . സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.

ഇതേ തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചു.ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ടിക്കറ്റ് ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് വരുന്ന അറിയിപ്പുകളും സന്ദേശങ്ങളും ശ്രദ്ധിക്കണമെന്ന് വിമാനക്കമ്പനി അറിയിച്ചു.

മേഖലയിൽ തുടരുന്ന മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾക്കിടയിലാണ് ഈ അടിയന്തര നടപടി.കുവൈത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന മിസൈൽ, ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വീണ്ടും അപായ സൈറണുകൾ മുഴങ്ങി. നാലാം തവണയാണ് കുവൈത്തിൽ ഇത്തരത്തിൽ സൈറൺ മുഴങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇടവിട്ട് ഉണ്ടാകുന്ന ഭീഷണികളെ നേരിടാൻ രാജ്യം പൂർണമായും സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്ത് നാവികസേനയുടെ ഒരു കപ്പൽ ആക്രമണത്തിന് ഇരയായിരുന്നു. ഇതിൽ സായുധസേനയിലെ നാല് സൈനികർക്ക് പരിക്കേറ്റിരുന്നു.

ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരവും സ്ഥിരതയുള്ളതുമാണെന്നും അധികൃതർ അറിയിച്ചു.കുവൈത്തിന് പിന്നാലെ ബഹ്റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകൾ ആക്ടിവേറ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പൊതുജനങ്ങളും പ്രവാസികളും യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു.സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ എല്ലാവരും എത്രയും പെട്ടെന്ന് തങ്ങൾക്ക് തൊട്ടടുത്തുള്ള സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈൻ ഭരണകൂടം ആവശ്യപ്പെട്ടു. ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവരുന്ന നിർദ്ദേശങ്ങളും അപ്ഡേറ്റുകളും കൃത്യമായി പിന്തുടരണമെന്നും കർശന നിർദ്ദേശമുണ്ട്.

മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എംബസികൾ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373141/gulf-high-alert-kuwait-bahrain-airport-suspended-sirens-missile-threat)