---
title: " മലയാളിക്ക് അഭിമാനം .....:  വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ് "
english_title: "content highlights:- Dubai Police honours Malayali youth who handed over Rs 25 lakh found on the road to the police"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362545/Dubai-Police-honours-Malayali-youth-who-handed-over-Rs-25-lakh-found-on-the-road-to-the-police-NEW"
published_at: "2026-05-29T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1972c8c33c6_UAE.jpg"
keywords: []
---

#  മലയാളിക്ക് അഭിമാനം .....:  വഴിയിൽ വീണുകിട്ടിയ 25 ലക്ഷം രൂപ പൊലീസിൽ ഏൽപ്പിച്ചു, മലയാളി യുവാവിനെ ആദരിച്ച് ദുബായ് പൊലീസ് 

> **Lead Summary:** **ദുബായ്: **വഴിയിൽ വീണുകിട്ടിയ വൻതുക പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി മാറിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരം. മുഹമ്മദ് അലി ഷെറാക്കൽ മോഹിയെയാണ് പൊലീസ് അധികൃതർ പ്രത്യേകം അഭിനന്ദിച്ചത്.

## Article Content

**ദുബായ്: **വഴിയിൽ വീണുകിട്ടിയ വൻതുക പൊലീസിൽ ഏൽപ്പിച്ച് മാതൃകയായി മാറിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരം. മുഹമ്മദ് അലി ഷെറാക്കൽ മോഹിയെയാണ് പൊലീസ് അധികൃതർ പ്രത്യേകം അഭിനന്ദിച്ചത്.

പാർക്കിങ് സ്ഥലത്ത് കിടന്നുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) യഥാർഥ ഉടമസ്ഥന് തിരികെ എത്തിക്കുകയായിരുന്നു . തനിക്ക് ഇത്രയും വലിയൊരു തുക നഷ്ടപ്പെട്ട വിവരം ഉടമ പോലും അറിഞ്ഞിരുന്നില്ലെന്നതാണ് കൗതുകകരം.

സ്വകാര്യ ഷിപ്പിങ് കമ്പനി ഉടമ ബാങ്കിൽനിന്ന് രണ്ട് ലക്ഷം ദിർഹം പിൻവലിച്ച് പേപ്പർ കവറിലാക്കി കാറിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. കവർ കൃത്യമായി അടയ്ക്കാതിരുന്നതിനാൽ ഒരു ലക്ഷം ദിർഹത്തിന്റെ കെട്ട് താഴെ വീണുപോവുകയായിരുന്നു. പണം നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെടാതെ ഇദ്ദേഹം കാറോടിച്ചുപോവുകയും ചെയ്തു. തുടർന്ന് ഇതേ പാർക്കിങ് സ്ഥലത്തെത്തിയ മുഹമ്മദ് അലിക്ക് പണക്കിഴി മുന്നിൽ പെടുകയായിരുന്നു. ഉടൻതന്നെ തുകയുടെയും അത് കിടന്ന സ്ഥലത്തിന്റെയും ചിത്രം ഫോണിൽ പകർത്തിയ അദ്ദേഹം, നേരെ അൽ റഫ പൊലീസ് സ്റ്റേഷനിലെത്തി പണം ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.

തുടർന്ന് പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പണത്തിന്റെ യഥാർഥ ഉടമയെ കണ്ടെത്തിയത്. പണം കൈമാറി കൃത്യം മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് ഉടമയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി തുക കൈമാറി. സ്റ്റേഷനിൽ നിന്നുള്ള ഫോൺകോൾ വരുമ്പോൾ മാത്രമാണ് പണം നഷ്ടപ്പെട്ട വിവരം ബിസിനസുകാരൻ പോലും അറിയുന്നത്. പണം തിരികെ ലഭിച്ച അദ്ദേഹം ദുബായ് പൊലീസിനോടും പ്രവാസിയായ യുവാവിനോടും നന്ദി രേഖപ്പെടുത്തി.

പൊതുജനങ്ങളുടെ ഇത്തരം സത്യസന്ധമായ ഇടപെടലുകൾ യുഎഇ സമൂഹത്തിലെ സുരക്ഷിതത്വത്തിന്റെയും സദ്ഗുണങ്ങളുടെയും ഉത്തമ ഉദാഹരണമാണെന്ന് അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേണൽ അഹമ്മദ് ഉബൈദ് ബിൻ ഹുദൈബ, ഡപ്യൂട്ടി കേണൽ സാലിഹ് ഹസൻ അൽ മർസൂഖി, കസ്റ്റമർ ഹാപ്പിനസ് വിഭാഗം തലവൻ ക്യാപ്റ്റൻ അലി ഹാജി അൽ ബലൂഷി എന്നിവർ ചേർന്ന് മുഹമ്മദ് അലിയെ ഉപഹാരം നൽകി ആദരിച്ചു.

**
**

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362545/Dubai-Police-honours-Malayali-youth-who-handed-over-Rs-25-lakh-found-on-the-road-to-the-police-NEW)