---
title: "പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി; വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്"
english_title: "Students in dire straits, children's letter to CBSE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346708/students-in-dire-straits-childrens-letter-to-cbse"
published_at: "2026-03-10T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69af94d85d828_Students_in_dire_straits,_childrens_letter_to_CBSE.jpg"
keywords: []
---

# പശ്ചിമേഷ്യയിൽ യുദ്ധഭീതി: ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി; വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്

> **Lead Summary:** ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. പരീക്ഷാ തീയതികളിൽ വ്യക്തതയില്ലാത്തത് പ്രവാസി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തുടർച്ചയായി പരീക്ഷകൾ നീണ്ടുപോകുന്നത് ഉപരിപഠനത്തെ ബാധിക്കുമെന്ന ഭീതിയിലാണ് പലരും.

## Article Content

ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. പരീക്ഷാ തീയതികളിൽ വ്യക്തതയില്ലാത്തത് പ്രവാസി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തുടർച്ചയായി പരീക്ഷകൾ നീണ്ടുപോകുന്നത് ഉപരിപഠനത്തെ ബാധിക്കുമെന്ന ഭീതിയിലാണ് പലരും.

അനിശ്ചിതത്വം നീളുന്ന സാഹചര്യത്തിൽ മാർക്ക് നിർണ്ണയത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ സിബിഎസ്ഇ ബോർഡിനെ സമീപിച്ചു. ആഭ്യന്തര മൂല്യനിർണ്ണയമോ മുൻ പരീക്ഷകളിലെ പ്രകടനമോ അടിസ്ഥാനമാക്കി മാർക്ക് നൽകണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിക്കൂട്ടായ്മ സിബിഎസ്ഇക്ക് കത്തയച്ചിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഇന്നലെ വീണ്ടും മാറ്റിവെക്കുകയായിരുന്നു. ഈ മാസം 12 മുതൽ 16 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് നിലവിലെ യുദ്ധസാഹചര്യം പരിഗണിച്ച് നീട്ടിയത്. മേഖലയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് സിബിഎസ്ഇ ബോർഡിന്റെ ഈ തീരുമാനം.

പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയത്. നേരത്തെ നിശ്ചയിച്ചിരുന്ന ടൈംടേബിൾ പ്രകാരം പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയാണ് തീരുമാനം ബാധിക്കുന്നത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷാ നടത്തിപ്പ് ദുഷ്കരമായത്. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ബോർഡ് മാറ്റത്തിന് തയ്യാറായത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346708/students-in-dire-straits-childrens-letter-to-cbse)