---
title: "ദുബായിൽ ഡ്രോൺ ആക്രമണം; ബുർജ് അൽ അറബിൽ തീപിടുത്തം, ആർക്കും പരിക്കില്ല"
english_title: "Drone attack in Dubai; Burj Al Arab catches fire, no one injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344911/drone-attack-in-dubai-burj-al-arab-catches-fire-no-one-injured"
published_at: "2026-03-01T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a3c132944c2_Drone_attack_in_Dubai;_Burj_Al_Arab_catches_fire,_no_one_injured.jpg"
keywords: []
---

# ദുബായിൽ ഡ്രോൺ ആക്രമണം; ബുർജ് അൽ അറബിൽ തീപിടുത്തം, ആർക്കും പരിക്കില്ല

> **Lead Summary:** ദുബായ്: ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണശ്രമം. ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോണിനെ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞു. തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ഹോട്ടലിന്റെ പുറംഭാഗത്ത് നേരിയ രീതിയിൽ തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. അനിഷ്ട സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും ദുബായ് അധികൃതർ അറിയിച്ചു.

## Article Content

ദുബായ്: ലോകപ്രശസ്തമായ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണശ്രമം. ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോണിനെ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തുവെച്ച് തന്നെ വിജയകരമായി തടഞ്ഞു. തകർക്കപ്പെട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ഹോട്ടലിന്റെ പുറംഭാഗത്ത് നേരിയ രീതിയിൽ തീപിടുത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. അനിഷ്ട സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും ദുബായ് അധികൃതർ അറിയിച്ചു.

ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവർക്ക് അടിയന്തര ചികിത്സ നൽകിയതായും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. എമർജൻസി റെസ്‌പോൺസ് ടീം ഉടൻ തന്നെ സ്ഥലത്തെത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. യുഎഇയിൽ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 14 ഡ്രോണുകളാണ് യുഎഇയിൽ പലയിടത്തായി പതിച്ചത്.

ശനിയാഴ്ച വൈകുന്നേരം പാം ജുമൈറയിലെ ഒരു കെട്ടിടത്തിലും അപകടമുണ്ടായതായി അധികൃതർ വ്യക്തമാക്കി. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ അണയ്ക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. എല്ലാ സംഭവങ്ങളിലും സുരക്ഷാ ഏജൻസികൾ ജാഗ്രതയോടെ പ്രവർത്തിച്ചതായും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ദുബായ് അധികൃതർ അറിയിച്ചു.

ഇറാന്റെ ആക്രമണത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതായി റിപ്പോർട്ട്. കെട്ടിടത്തിന് സമീപം സ്ഫോടനവും പുകയും ഉയരുന്ന വീഡിയോ പുറത്തുവന്നു. ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ ഡ്രോൺ കണ്ടതായി റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കെട്ടിടത്തിന് സമീപത്ത് പുക ഉയരുന്നത് കണ്ടത്. ലോക പ്രശസ്തമായ കെട്ടിടം ആക്രമണത്തിന്റെ ലക്ഷ്യമായിരുന്നോ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344911/drone-attack-in-dubai-burj-al-arab-catches-fire-no-one-injured)