---
title: "അബൂദബിയിൽ പൊതുസ്ഥലത്ത് ഫാസ്​റ്റ്​ഫുഡ് പരസ്യങ്ങൾക്ക്​ വിലക്ക്​"
english_title: "Abu Dhabi bans fast food advertisements in public places"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/344765/abu-dhabi-bans-fast-food-advertisements-in-public-places"
published_at: "2026-02-28T13:22:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a29f0d6be71_fast_food.jpg"
keywords: []
---

# അബൂദബിയിൽ പൊതുസ്ഥലത്ത് ഫാസ്​റ്റ്​ഫുഡ് പരസ്യങ്ങൾക്ക്​ വിലക്ക്​

> **Lead Summary:** **അബൂദബി: [ **എമിറേറ്റിൽ പൊതുസ്ഥലത്ത് ഫാസ്റ്റ്​ ഫുഡ് പരസ്യങ്ങൾ നിരോധിച്ച്​ അധികൃതർ. അനാരോഗ്യകരമായ ഭക്ഷണം, പാനീയം എന്നിവയുടെ പരസ്യങ്ങൾ വഴിയോരത്തെ കെട്ടിടത്തിലോ, വാഹനങ്ങളിലോ പ്രദർശിപ്പിക്കാൻ പാടില്ല. ബ്രാൻഡ് നെയിം മാത്രമായും പരസ്യം ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

## Article Content

**അബൂദബി: [ **എമിറേറ്റിൽ പൊതുസ്ഥലത്ത് ഫാസ്റ്റ്​ ഫുഡ് പരസ്യങ്ങൾ നിരോധിച്ച്​ അധികൃതർ. അനാരോഗ്യകരമായ ഭക്ഷണം, പാനീയം എന്നിവയുടെ പരസ്യങ്ങൾ വഴിയോരത്തെ കെട്ടിടത്തിലോ, വാഹനങ്ങളിലോ പ്രദർശിപ്പിക്കാൻ പാടില്ല. ബ്രാൻഡ് നെയിം മാത്രമായും പരസ്യം ചെയ്യാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​.

അമിതവണ്ണം, പ്രമേഹം, മറ്റു ജീവിതശൈലി രോഗങ്ങൾ എന്നിവക്ക് കാരണമായേക്കാവുന്ന ജങ്ക് ഫുഡിന്റെ പ്രചാരണത്തിനാണ്​ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്​. പോഷക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭക്ഷ്യോൽപന്നങ്ങളുടെ പരസ്യം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കാൻ അനുവദിക്കൂവെന്നും വ്യക്​തമാക്കിയിട്ടുണ്ട്​. ആരോഗ്യ വകുപ്പിന്​ കീഴിലെ ‘ഹെൽത്തി ലിവിങ്​ അബൂദബി’ പദ്ധതിയുടെ ഭാഗമായാണ്​ നിയന്ത്രണം കൊണ്ടുവന്നത്​​.

അബൂദബി പബ്ലിക് ഹെൽത്ത് സെന്ററിന് കീഴിൽ ഭക്ഷണത്തിന്റെ പോഷകമൂല്യം കണക്കാക്കുന്ന സംവിധാനമായ ‘സെഹി’യുടെ എ, ബി ഗ്രേഡ് ലഭിക്കുന്ന ഭക്ഷണപദാർഥങ്ങൾക്ക് മാത്രമേ പൊതുസ്ഥലത്ത് പരസ്യം ചെയ്യാനാകൂ. സി, ഡി, ഇ ഗ്രേഡ് ലഭിക്കുന്ന ഭക്ഷ്യോൽപന്നങ്ങൾക്ക് പൊതുസ്ഥലത്ത് പരസ്യം അനുവദിക്കില്ല.

ബിൽഡിങുകൾ, ബിൽബോർഡുകൾ, ബസുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ടാക്സികൾ, പൊതുസ്ഥലത്തെ ബഞ്ചുകൾ, ഡെലിവറി വാഹനങ്ങൾ എന്നിവയിലൊന്നും അനാരോഗ്യകരമായ ഭക്ഷണത്തിന്റെ പരസ്യം പതിക്കാൻ പാടില്ല. അബൂദബിയിൽ ലൈസൻസുള്ള പരസ്യ ഏജൻസികൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ, ഭക്ഷ്യോൽപന്ന ബ്രാൻഡുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, ഗ്രോസറികൾ എന്നിവക്കെല്ലാം ഈ നിയമം ബാധകമായിരിക്കും. ഭക്ഷ്യോൽപന്ന കമ്പനികൾക്ക് അവരുടെ ബ്രാൻഡ് നെയിം മാത്രമായി പരസ്യം ചെയ്യാൻ അനുവദിക്കില്ല. പരസ്യത്തിന്റെ 30 ശതമാനം സ്ഥലത്ത് ഭക്ഷ്യോൽപന്നം പ്രദർശിപ്പിച്ചിരിക്കണമെന്നും നിർദേശത്തിലുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/344765/abu-dhabi-bans-fast-food-advertisements-in-public-places)