---
title: "വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്; ലംഘിച്ചാൽ 300 റിയാൽ വരെ പിഴ"
english_title: "Curtains that obscure the view in vehicles are banned Violation will result in a fine of up to 300 riyals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/342726/curtains-that-obscure-the-view-in-vehicles-are-banned-violation-will-result-in-a-fine-of-up-to-300-riyals"
published_at: "2026-02-18T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995b80ed8aad_fine.jpg"
keywords: []
---

# വാഹനങ്ങളിലെ കാഴ്ച മറയ്ക്കുന്ന കർട്ടനുകൾക്ക് വിലക്ക്; ലംഘിച്ചാൽ 300 റിയാൽ വരെ പിഴ

> **Lead Summary:** **റിയാദ്: ** വാഹനത്തിനകത്തോ പുറത്തോ ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമാകുന്ന തരത്തിലുള്ള മറകൾ സ്ഥാപിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം മറകൾ റോഡ് വ്യക്തമായി കാണാനുള്ള ഡ്രൈവറുടെ കഴിവിനെ ബാധിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.

## Article Content

**റിയാദ്: ** വാഹനത്തിനകത്തോ പുറത്തോ ഡ്രൈവറുടെ കാഴ്ചക്ക് തടസ്സമാകുന്ന തരത്തിലുള്ള മറകൾ സ്ഥാപിക്കുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം മറകൾ റോഡ് വ്യക്തമായി കാണാനുള്ള ഡ്രൈവറുടെ കഴിവിനെ ബാധിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.

വാഹനത്തി​ന്‍റെ മുൻവശത്തോ വശങ്ങളിലോ കാഴ്ച തടസ്സപ്പെടുത്തുന്ന രീതിയിൽ സ്ഥാപിക്കുന്ന കർട്ടനുകൾ, സ്​റ്റിക്കറുകൾ അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവയെല്ലാം ഈ നിയമലംഘനത്തി​ന്‍റെ പരിധിയിൽ വരും. ഇത്തരം തടസ്സങ്ങൾ റോഡിലെ മറ്റ് വാഹനങ്ങൾ, കാൽനടയാത്രക്കാർ, ട്രാഫിക് സിഗ്​നലുകൾ എന്നിവ കൃത്യസമയത്ത് തിരിച്ചറിയുന്നതിൽ നിന്ന് ഡ്രൈവറെ തടയുന്നു. ഇത് ഡ്രൈവർക്കും യാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും ഒരുപോലെ ഭീഷണിയാണെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

വാഹനമോടിക്കുമ്പോൾ ദൃശ്യപരത കുറക്കുന്ന തരത്തിലുള്ള യാതൊരുവിധ പരിഷ്കാരങ്ങളോ കൂട്ടിച്ചേർക്കലുകളോ പാടില്ലെന്ന് ഗതാഗത നിയമം നിഷ്കർഷിക്കുന്നുണ്ട്. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കും.

സുരക്ഷിതമായ ഡ്രൈവിങ്ങിന് തടസ്സമാകുന്ന രീതിയിലുള്ള ഉപകരണങ്ങളോ മറകളോ വാഹനത്തിലില്ലെന്ന് ഓരോ ഡ്രൈവറും ഉറപ്പുവരുത്തണം. ഗതാഗത സുരക്ഷ എന്നത് ഒരു പൊതു ഉത്തരവാദിത്തമാണെന്നും നിയമങ്ങൾ പാലിക്കുന്നത് ജീവൻ സംരക്ഷിക്കുന്നതിനും അപകടങ്ങൾ കുറച്ച് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം സൃഷ്​ടിക്കുന്നതിനും സഹായിക്കുമെന്നും ട്രാഫിക് വകുപ്പ് ഓമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/342726/curtains-that-obscure-the-view-in-vehicles-are-banned-violation-will-result-in-a-fine-of-up-to-300-riyals)